മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം പൂർത്തിയായത്. 26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
രണ്ടര വർഷം മുൻപ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് ബോൺമൗത്തിലേക്ക് എത്തിയ സെമന്യോ, ക്ലബിനായി 101 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതിനകം 10 ഗോളുകൾ സ്വന്തമാക്കി. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ, മുൻനിരയിൽ ഏത് സ്ഥാനത്തും കളിക്കാൻ കഴിവുള്ളവനാണ്. ഇരുകാലുകളും ഒരുപോലെ ഫലപ്രദമായി ഉപയോഗിച്ച് ഷോട്ടുകൾ തൊടുക്കുന്നതാണ് പ്രത്യേകത.
ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സെമന്യോയുടെ മുൻഗണന സിറ്റിക്കായിരുന്നു. എർലിങ് ഹാലൻഡ്, ബെർണാഡോ സിൽവ, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ്, സാവിന്യോ, ഒമർ മർമൗഷ് എന്നിവർക്കൊപ്പം ചേർന്നതോടെ സിറ്റിയുടെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തേറുമെന്നാണ് വിലയിരുത്തൽ.
ആഴ്സനലിനെ പിടിച്ചുകെട്ടി ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ നാലാം സ്ഥാനത്തുള്ള ലിവർപൂൾ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല.
ജയിച്ചിരുന്നെങ്കിൽ ലീഡ് എട്ട് പോയിന്റാക്കി ഉയർത്താമായിരുന്ന മത്സരത്തിലാണ് മൈക്കൽ ആർട്ടേറ്റയുടെ ടീം സമനിലയിൽ ഒതുങ്ങിയത്. ആഴ്സനലിന് മത്സരത്തിൽ നേരിയ ആധിപത്യമുണ്ടായിരുന്നെങ്കിലും ഒമ്പത് ഗോൾശ്രമങ്ങളിൽ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിനടുത്തെത്തിയത്. സ്വന്തം മൈതാനത്ത് നാല് വർഷത്തിനിടെ ഗണ്ണേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഗോൾശ്രമം കൂടിയായിരുന്നു ഇത്.
ലിവർപൂളിന്റെ ആക്രമണവും ഫലപ്രദമായില്ല. എട്ട് ശ്രമങ്ങളിൽ ഒന്നും ലക്ഷ്യം കണ്ടില്ല. റൈറ്റ് ബാക്ക് കോണർ ബ്രാഡ്‍ലിയുടെ ചിപ്പ് ബാർ തട്ടിമടങ്ങിയതാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം.
21 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആഴ്സനൽ 49 പോയിന്റുമായി ഒന്നാമതും, മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺവില്ലയും 43 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ലിവർപൂൾ 35 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.