News

ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅ്ദ് ഇസ്രാഈൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു

By webdesk18

December 14, 2025

ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ റാഷിദ് റോഡിൽ ഇസ്രാഈൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ റായിദ് സഅ്ദ് (52) കൊല്ലപ്പെട്ടു. ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

റായിദ് സഅ്ദിന്റെ മരണം സ്ഥിരീകരിച്ച ഹമാസ് നേതാവ് ഖലീൽ അൽഹയ്യ, ഇസ്രാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ചു. സഅ്ദിന്റെ വധം ഉൾപ്പെടെ നിരവധി തവണ ഇസ്രാഈൽ വെടിനിർത്തൽ ലംഘിച്ചതായും, ഇതിനെ നിയന്ത്രിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹമാസിന്റെ ഗസ്സ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായിരുന്ന സഅ്ദ് ആയുധ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഹമാസിന്റെ മിസൈൽ പദ്ധതിയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

ഗസ്സയിൽ ഇസ്രാഈൽ ആക്രമണം ശക്തമായതോടെ തുരങ്കങ്ങളിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഅ്ദ് അവിടെ നിന്ന് പുറത്തിറങ്ങിയതിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് സഅ്ദ് എന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രാഈൽ കാറ്റ്സും പറഞ്ഞു. 2024 ജൂൺ 22ന് അൽ ശാത്വി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ സഅ്ദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.