തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറില്‍ നിന്ന് മൊഴിയെടുക്കും. ഒരു വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് നടിയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം സെന്‍കുമാര്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്ത്രീ കൂട്ടായ്മയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച കേസില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കു നിയമോപദേശം ലഭിച്ചിരുന്നു. വാരികക്കു നല്‍കിയ അഭിമുഖത്തിനിടെ വന്ന ഫോണ്‍ സംഭാഷണത്തിലായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കണമെന്ന് സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.
വാരികക്കു നല്‍കിയ ഇതേ അഭിമുഖത്തില്‍ തന്നെയാണ് മതസ്പര്‍ദ്ധ വളര്‍ത്തുംവിധം സെന്‍കുമാര്‍ പരാമര്‍ശം നടത്തിയത്. മുസ്‌ലിം ജനസംഖ്യക്കെതിരെയായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം. ഈ കേസില്‍ ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.