Culture

അമേരിക്കയില്‍ നിന്നും തിരിച്ചടി; കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി

By chandrika

February 06, 2018

മുംബൈ: യു.എസ് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കനത്ത തിരിച്ചടിയായി. അമേരിക്കന്‍ ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദമാണ് സൂചികകളില്‍ കനത്ത നഷ്ടമുണ്ടാക്കിയത്.

ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചത് 4.92 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇന്ന് രാവിലെ ആദ്യ മണിക്കൂറുകളില്‍ ഉണ്ടാക്കിയത്.

ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തകര്‍ച്ചയാണ് അമേരിക്കന്‍ ഓഹരി സൂചികയില്‍ രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1100 പോയിന്റാണ് താഴ്ന്നത്.

ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചതോടെ ഇന്ന് രാവിലെ മാത്രം 4.92 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉണ്ടാക്കിയത്. ദിവസങ്ങളിലായി തുടരുന്ന മാറ്റത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പത്ത് ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് മാത്രമായി നഷ്ടമായത്. അതേസമയം സൂചിക മാറ്റം പൂര്‍ണ്ണമായാലെ ആഘാതം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകൂ.

ആഗോളതലത്തിലെ മാറ്റം മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തി. സെന്‍സെക്‌സ് ഒരുവേള 1240.45 പോയിന്റ് തകര്‍ച്ചനേരിട്ടു. 33516.71 ലാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ച സെന്‍സെക്‌സ് നഷ്ടം 561.22 പോയന്റില്‍ ചുരുക്കി.

നിഫ്റ്റിയിലും കുത്തനെയുളള ഇടിവ് രേഖപ്പെടുത്തി. 371 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 168.20 പോയന്റ താഴ്ന്ന് 10,498.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുബജറ്റിലൂടെ ഓഹരികൾക്ക് ഏർപ്പെടുത്തിയ നികുതിയുടെ സമ്മർദ്ദം ഇന്ത്യയിലെ ഓഹരി നിക്ഷേപകരിൽ  പ്രകടമായിരുന്നു. ഒപ്പം യുഎസ് വിപണിയിലെ വൻ തിരിച്ചടിയാണ് ഓഹരി വിപണിയെ കാര്യമായി ബാധിച്ചത്.