Culture

ആഭരണമോഷണം: മലയാളി സീരിയല്‍ നടി അറസ്റ്റില്‍

By chandrika

October 18, 2017

തലശ്ശേരി: മലയാളി സീരിയല്‍ നടിയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിലെ കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് നടി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. മലയാളം,കന്നഡ സീരിയലുകളില്‍ അഭിനയിച്ച നടി ആഗസ്തിലാണ് കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ദിവസങ്ങള്‍ക്കു ശേഷം ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടിയെ കണ്ണൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ തലശ്ശേരി പിലാക്കൂലിലെ സഹകരണ ബാങ്ക് ശാഖയില്‍ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തി.