india

എസ്.ഐ.ആര്‍ നടപടിയില്‍ ഗുരുതര ആരോപണം; മുസ്‌ലിം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കി

By sreenitha

January 20, 2026

അഹമ്മദാബാദ്: ഗുജറാത്തില്‍ പുരോഗമിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രക്രിയയില്‍ അഹമ്മദാബാദിലെ ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ നൂറുകണക്കിന് മുസ്‌ലിം വോട്ടര്‍മാരെ ‘മരിച്ചവരായി’ പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രധാനമായും പേരുകള്‍ ഇല്ലാതാക്കിയിരിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.

സ്വയം ജീവിച്ചിരിക്കുന്നതും എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയതും പ്രാരംഭ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതുമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും, അന്തിമ പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ വെട്ടിക്കളഞ്ഞതായി അവര്‍ ആരോപിച്ചു.

മരണം, സ്ഥലംമാറ്റം, ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേരുകള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഫോം 7 വഴിയാണ് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതെന്ന് താമസക്കാരും പ്രാദേശിക നേതാക്കളും വ്യക്തമാക്കി. മുസ്‌ലിം വോട്ടര്‍മാരെ വ്യാജമായി ‘മരിച്ചവരായി’ പ്രഖ്യാപിച്ചതായും ആരോപണമുണ്ട്.

ഇത് ന്യൂനപക്ഷ സമുദായത്തെ ബോധപൂര്‍വം ലക്ഷ്യമിട്ടുള്ള അവകാശ ലംഘനവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവുമാണെന്ന് ആരോപിച്ചുകൊണ്ട്, പേരുകള്‍ ഇല്ലാതാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകള്‍ ഷാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ജമാല്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ വാര്‍ഡ് നമ്പര്‍ 19ലെ വോട്ടറായ ഫരീദ് മിയാന്‍ (വോട്ടര്‍ സീരിയല്‍ നമ്പര്‍ 823) ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്നാരോപിച്ച് എതിര്‍പ്പ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എതിര്‍പ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന വോട്ടര്‍ ഐഡി നമ്പര്‍ അദ്ദേഹത്തിന്റെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് താമസക്കാര്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ് നമ്പര്‍ 21ല്‍ താമസിക്കുന്ന ജമാല്‍പൂര്‍ മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സിലറായ റാഫിഖ് ഷെയ്ഖ് ഖുറേഷിക്കെതിരെയും വിലാസം മാറ്റിയതായി ചൂണ്ടിക്കാട്ടി എതിര്‍പ്പ് ഫയല്‍ ചെയ്തിട്ടുണ്ട്.

എതിര്‍പ്പ് ഉന്നയിച്ച പങ്കജ് പാര്‍ട്ട് നമ്പര്‍ 16ലെ വോട്ടറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം കക്ഷികള്‍ക്ക് ഇത്തരത്തില്‍ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാന്‍ എങ്ങനെ അനുമതി നല്‍കിയുവെന്ന ചോദ്യവും ഇതോടെ ശക്തമാകുകയാണ്. ”ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. മുമ്പ് വോട്ട് ചെയ്തിട്ടുമുണ്ട്. എന്നിട്ടും ഈ സംവിധാനം ഞങ്ങളെ നിലവിലില്ലാത്തവരായി കാണിക്കുന്നു,” എന്ന് ഖുറേഷി പ്രതികരിച്ചു.

”ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലറാണ്. എനിക്കിത് സംഭവിക്കാമെങ്കില്‍ ആര്‍ക്കും സംഭവിക്കാം. ഇത് തുടരുകയാണെങ്കില്‍ വോട്ടര്‍മാരെ മാത്രമല്ല, അവരുടെ നിലനില്‍പ്പിനെയാണ് ഇല്ലാതാക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടികളെ നിയമപരമായി വെല്ലുവിളിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ഖുറേഷി അറിയിച്ചു.

എതിര്‍പ്പുകളുടെ സ്വഭാവം മുസ്‌ലിം വോട്ടുകള്‍ അടിച്ചമര്‍ത്താനുള്ള ഏകോപിത ശ്രമത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ന്യൂനപക്ഷ ഏകോപന സമിതി കണ്‍വീനര്‍ മുജാഹിദ് നഫീസ് ആരോപിച്ചു. ”ഇത് ഭരണപരമായ പിഴവല്ല. മുസ്‌ലിം വോട്ടര്‍മാരെ മരിച്ചവരോ കുടിയിറക്കപ്പെട്ടവരോ ആയി വ്യാജമായി പ്രഖ്യാപിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ്. എസ്.ഐ.ആര്‍ ഫോമുകള്‍ പൂരിപ്പിച്ചവരും കരട് പട്ടികയില്‍ ഉണ്ടായിരുന്നവരുമാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ബന്ധമില്ലാത്ത വ്യക്തികള്‍ വ്യത്യസ്ത പോളിങ് ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ സമര്‍പ്പിച്ചതും ഉദ്ദേശ്യത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു,” അദ്ദേഹം പറഞ്ഞു.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ താമസക്കാരുമായി പങ്കിട്ട വിവരങ്ങള്‍ പ്രകാരം, ജമാല്‍പൂര്‍ പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഏകദേശം 300 ഫോം 7 എതിര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ജമാല്‍പൂര്‍ നിയമസഭാ മണ്ഡലമൊട്ടാകെ ഫോം 7 എതിര്‍പ്പുകളുടെ എണ്ണം 20,000 വരെ എത്താമെന്നാണ് പ്രവര്‍ത്തകരുടെ കണക്ക്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ന്യൂനപക്ഷ ഏകോപന സമിതി ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ഔദ്യോഗിക നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.