News

പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര ചികിത്സാ പിഴവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ പരാതി

By vismaya

January 30, 2026

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് ഗുരുതര ചികിത്സാ പിഴവ് പറ്റിയെന്ന യുവതി പരാതി. ഏഴുമാസം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ആരോപണം.

വിതുര സ്വദേശിനിയായ ഹസ്‌ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. 2025 ജൂണ്‍ 19നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം മുതല്‍ തന്നെ മുറിവില്‍ ഗുരുതര പ്രശ്നം അനുഭവപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ ഡോക്ടര്‍ക്കുണ്ടായ പിഴവാണ് മലദ്വാരത്തിലെ ഞരമ്പ് മുറിയാന്‍ കാരണമായതെന്നും ഹസ്‌ന ഫാത്തിമ ആരോപിക്കുന്നു. നടത്തിയ എംആര്‍എ റിപ്പോര്‍ട്ടില്‍ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയിരുന്നു. ഏകദേശം രണ്ട് സെന്റിമീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്.

ഇതിനെ തുടര്‍ന്ന് മലമൂത്ര വിസര്‍ജനത്തിന് ബാഗ് ഉപയോഗിച്ച് നടക്കേണ്ട അവസ്ഥയിലായതായി യുവതി പറയുന്നു. മുറിവിലൂടെ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടുന്ന അവസ്ഥയാണ് നിലവിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി ഇതുവരെ ആറു ലക്ഷം രൂപയോളം ചെലവായതായും ഹസ്‌ന ഫാത്തിമ വ്യക്തമാക്കി.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.