ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് 15 ശതമാനമാണ് നികുതി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച ഉത്തരവ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ സേവന നികുതി ഒഴിവാക്കുന്നതിന് 2012ലെ സര്‍വീസ് ടാക്‌സ് ഉത്തരവ് ഭേദഗതി ചെയ്യും.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്രസര്‍ക്കാറിന്റെ എല്ലാ മന്ത്രാലയങ്ങളും ഇലക്ട്രോണിക് പണമിടപാടിനായി ഊര്‍ജിതമായി പ്രചാരണം നടത്തുന്നുണ്ട്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെകുറിച്ച് പ്രചാരണം നടത്താന്‍ മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലയോടും കോളജുകളോടും നിര്‍ദേശിച്ചിട്ടുമുണ്ട്. ചില്ലറ വ്യാപാര രംഗത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മാര്‍ച്ച് 31നകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി കഴിഞ്ഞ മാസം എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം 11.85 ലക്ഷം കോടി രൂപ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയത്.