കെ.എസ് മുസ്തഫ കല്‍പ്പറ്റ
ഒറ്റരാത്രി കൊണ്ട് ഒരായുസ്സിന്റെ നോവേറ്റവര്‍ക്ക് മുസ്ലിംലീഗ് ഒരുക്കിയ കരുതലിന്റെ വാതിലുകള്‍ തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകളുടെ കാത്തിരിപ്പ് മാത്രം. മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. വള്ളിത്തോട്ടെ പദ്ധതി പ്രദേശത്ത് അന്ന് വൈകിട്ട് 51 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ കൈമാറ്റത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദുരന്തബാധിതരുടെ ആവ ശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്ത്, മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്ന സ്വപ്നഭൂമിയിലാണ് 2,000 സ്‌ക്വയര്‍ഫീറ്റ് വിട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി വീടുകള്‍ സജ്ജമായത്. മൂന്ന് കിടപ്പുമുറികമുള്‍ക്കൊള്ളുന്ന 1,050 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ളതാണ് ഓരോ വീടുകളും. സാമാന്യം വലുപ്പമുള്ള സിറ്റൗട്ടില്‍ നിന്ന് വിശാലമായ ലിവിംഗ് ആന്റ് ഡൈനിംഗ് സ്‌പേസിലേക്കാണ് പ്രവേശിക്കുക. ബാത്ത്‌റൂം അറ്റാച്ചോടുകൂടിയുള്ള ഒരു വലിയ കിടപ്പുമുറിയും മറ്റ് രണ്ട് മുറികളുമാണുള്ളത്. കോമണ്‍ ബാത്ത് റൂം വേറെയുമുണ്ട്. നല്ല സൗകര്യമുള്ള അടുക്കളയും അനുബന്ധമായി വര്‍ക്ക് ഏരിയയും ചേരുന്നതാണ് വീട്, രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെയ്‌സിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലുകൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും എല്ലാ വീടുകള്‍ക്കും ഗെയിറ്റും ഉണ്ടാ വും വീട്ടുമുറ്റത്ത് ഗാര്‍ഡനിംഗിനും മറ്റു സൗകര്യവുമുണ്ട്. പ്രശസ്ത ആര്‍ക്കിടെക് കമ്പനിയായ സപതിയാണ് പ്രൊജക്ട് ഡിസൈന്‍ ഒരുക്കിയത്. സപതിയുടെ മേധാവി ടോണിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. 7 മീറ്ററിലാണ് പദ്ധതിപ്രദേശത്തെ പ്രധാന സ്ഥലത്ത് റോഡൊരുങ്ങുന്നത്. ഈ റോ ഡില്‍ നിന്ന് ഓരോ വീടുകളിലേക്കും നേരിട്ട് ഗെയിറ്റ് കടന്നെത്താം ഭൂമിയുടെ കിടപ്പനുസരിച്ച് ലാരോ ജംഗ്ഷനിലും റൗണ്ട് എബൗട്ടുകളും നിര്‍മ്മിക്കും. ഇ ടറോഡുകള്‍ക്ക് അഞ്ചു മീറ്ററായിരിക്കും വീതി. പദ്ധതിപ്രദേശത്ത് നിലവിലുള്ള കിണറുകള്‍ക്ക് പുറമെ 22 കോല്‍ ചുറ്റളവില്‍ വലിയ കിണറും കോമണ്‍ ടാങ്കും നിര്‍മിച്ച് ഓരോ വീടുകളിലേക്കും വെവ്വേറെ ടാങ്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം ഉറപ്പാക്കുക.