News

ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് ജയം; സാൻ സിറോയിൽ ഇന്ററിനെ തകർത്ത് ഗണ്ണേഴ്‌സ്

By sreenitha

January 21, 2026

മിലാൻ: ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ആഴ്‌സണൽ തുടർച്ചയായ ഏഴാം ലീഗ് മത്സരത്തിലും ജയം സ്വന്തമാക്കി. സാൻ സിറോയിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്‌സണൽ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ആഴ്‌സണൽ ലീഡ് നേടി. ടിംബർ നൽകിയ പാസിൽ നിന്ന് ഗബ്രിയേൽ ജീസസ് ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ 18-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പീറ്റർ സുചിച് നേടിയ മനോഹര ഗോളോടെ ഇന്റർ സമനില നേടി.

31-ാം മിനിറ്റിൽ സെറ്റ് പീസിലൂടെ ആഴ്‌സണൽ വീണ്ടും മുൻതൂക്കം പിടിച്ചു. സാകയുടെ കോർണറിൽ നിന്ന് ട്രൊസാർഡിന്റെ ഹെഡർ ബാറിൽ തട്ടി തിരികെ വന്നപ്പോൾ അനായാസം ഹെഡ് ചെയ്ത് ജീസസ് പന്ത് വലയിലാക്കി. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ഗ്യോകെറസ് കൂടി ഗോൾ നേടിയതോടെ ഗണ്ണേഴ്‌സിന്റെ ജയം പൂർണമായി.

ഈ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും 21 പോയിന്റുമായി ആഴ്‌സണൽ വമ്പൻ ലീഡോടെ പട്ടികയുടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഇന്റർ മിലാൻ ഒമ്പതാം സ്ഥാനത്താണ്.