Video Stories

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

By webdesk13

November 28, 2024

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.