News

രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

By Manya

March 10, 2026

ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. മുംബൈ, ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഹോട്ടൽ മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. സിലണ്ടർ ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകി.

നിലവിലെ സാഹചര്യത്തിൽ തന്നെ ഏകദേശം 20 ശതമാനം ഹോട്ടലുകളുടെ പ്രവർത്തനം ബാധിച്ചിട്ടുണ്ടെന്ന് ഹോട്ടൽ സംഘടനകൾ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം സിലണ്ടർ ലഭ്യതയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ഇത് 60 ശതമാനം വരെ ഉയരുമെന്നും അവർ സർക്കാരിനെ അറിയിച്ചു. സിലണ്ടറുകൾ ലഭിക്കാൻ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടെന്നും ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു.

പ്രതിസന്ധി ഗുരുതരമായതോടെ എണ്ണ ശുദ്ധീകരണ പ്ലാന്റുകൾക്ക് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക മേഖലകളിലേക്കുള്ള വിതരണവും ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യവസായിക മേഖലയിലേക്കുള്ള എൽപിജി വിതരണം അവലോകനം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായാണ് ഈ നടപടികളെന്ന് പെട്രോളിയം–പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചതാണ് രാജ്യത്ത് എൽപിജി ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാൻ പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി.