ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വീണ്ടും ആളുകള്‍ക്ക് മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകള്‍. ഇന്‍ഡോറിലെ മൊഹോ ഏരിയയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ ഒമ്പതുപേര്‍ ആശുപത്രിയിലാണ്. ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. രോഗബാധിതര്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും 25ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലാ കലകടര്‍ ശിവം വര്‍മ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത മലിനജലം കുടിച്ച് നേരത്തെ നിരവധിപേര്‍ മരിച്ചിരുന്നു. 15 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 25 പേര്‍ മരിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലിനജലം കുടിച്ചതിനെ തുടര്‍ന്നുള്ള ഛര്‍ദിയും വയറുവേദനയുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.