crime

‘കന്യകയുമായുളള ലൈംഗികബന്ധം മാനസികരോഗങ്ങൾ മാറ്റും’; കർണാടകയിൽ ആറാംക്ലാസുകാരിയെ വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ

By webdesk14

September 29, 2025

ബംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പനയ്ക്കു വച്ച സെക്‌സ് റാക്കറ്റ് പിടിയില്‍. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സ് ആപ്പിലൂടെ വില്‍പനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കര്‍ണാടക സ്വദേശികളായ ശോഭ, തുള്‍സി കുമാര്‍ എന്നിവര്‍ പിടിയിലായത്.

കന്യകകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാനസികരോഗം അടക്കം ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഇക്കാര്യം മനസിലാക്കിയ സന്നദ്ധ സംഘടനയിലെ ഒരംഗം ‘ആവശ്യക്കാരന്‍’ എന്ന വ്യാജേന റാക്കറ്റുമായി ബന്ധപ്പെടുകയും പെണ്‍കുട്ടിയുടെ ചിത്രം ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് കുട്ടിയെ എത്തിക്കുമെന്നും അറിയിച്ചു. ഇക്കാര്യം ഇയാള്‍ പൊലീസിനെ അറിയിച്ചതോടെ ഇവരെ പിടികൂടുകയുമായിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ ആദ്യം ആറാം ക്ലാസുകാരി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.