ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ദേവ്‌റിയയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഗൗരി ബസാര്‍ പൊലീസ് കേസെടുത്തു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി മാനഭംഗശ്രമത്തിന് ഇരയായത്. പ്രിന്‍സിപ്പലിന്റെ മകന്‍ പ്രദീപ് യാദവ് (19) ആണ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പ്രദീപ് യാദവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ട സമീപവാസി പെണ്‍കുട്ടിയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരന്‍ എത്തി പ്രതിയെ മര്‍ദിക്കുകയും ചെയ്തു.

ഇതിനു പ്രതികാരമായി പ്രതിയും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരനെ മര്‍ദിച്ചിരുന്നു. ഈ സംഭവങ്ങളില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ബന്ധുക്കളുടെ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നാലു പേരെ ചോദ്യം ചെയ്യാനായി കസറ്റഡിയിലെടുത്തു. ഒളിവില്‍ പോയ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.