തിരുവനന്തപുരം: പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
ഐഎഫ്എഫ് കെയുടെ സെലക്ഷനിടെ ചലച്ചിത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്.
സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പരാതി ആവര്‍ത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.