kerala

ലൈംഗികാതിക്രമക്കേസ്; നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

By webdesk17

November 06, 2024

ലൈംഗികാതിക്രമക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഊന്നുകല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ നിവിന്‍ ആറാം പ്രതിയായിരുന്നു. എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ പരാതി ഉയര്‍ന്ന ഉടനെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നടക്കം നിവിന്‍ ആരോപിച്ചിരുന്നു. യുവതിയുടെ ആരോപണത്തിനെതിരെ നടന്‍ ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാതി വസ്തുത വിരുദ്ധമാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പരാതി നല്‍കുകയായിരുന്നു.