kerala

ലൈംഗികാതിക്രമ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യക്ക് നോട്ടീസ്

By webdesk17

October 07, 2024

ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യയ്ക്ക് നോട്ടീസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് മുന്‍പാകെ പതിനഞ്ചാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ആലുവ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു പരാതി. ഇതിന് ശേഷം ജയസൂര്യ തന്റെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി ജയസൂര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ഇതേ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ബാലചന്ദ്രമേനോനും നടന്‍ ജാഫര്‍ ഇടുക്കിയും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചിരുന്നു.