kerala

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

By webdesk18

December 19, 2025

എരുമപ്പെട്ടി: ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ കണ്ടക്ടര്‍ തിച്ചൂര്‍ സ്വദേശി അനൂപ് (40) ആണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്നു.

വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത യുവതിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ പ്രതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.