kerala

കളമശ്ശേരിയില്‍ നടന്നത് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം; വിഡി സതീശന്‍

By webdesk18

March 15, 2025

കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം ലഹരിയല്ല, എസ്എഫ്‌ഐ ആണെന്ന ഭരണപക്ഷത്തിന്റെ ആക്ഷേപത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശ്ശേരി പോളി ടെക്‌നിക് കോളേജില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും അത് അവര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോളി ടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലാണ് പരാതി നല്‍കിയത്. അല്ലതെ കോണ്ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം തന്നെയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. യുവജന വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.