Connect with us

Video Stories

നവോത്ഥാന വായ്ത്താരികളും കേരളീയ യാഥാര്‍ത്ഥ്യങ്ങളും

Published

on

എ.വി ഫിര്‍ദൗസ്

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളെയും നിലപാടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ധാരാളമായി വിനിയോഗിക്കപ്പെട്ട വാക്കാണ് നവോത്ഥാനമെന്നത്. ആചാര സംരക്ഷണത്തിന്റെ ഭാഗമെന്നവകാശപ്പെട്ട് ചിലര്‍ യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ തയ്യാറായത് നവോത്ഥാന പാരമ്പര്യങ്ങള്‍ക്കും കേരളീയ സമൂഹം ഇന്നലെകളില്‍ കൈവരിച്ചെന്ന് പറയപ്പെടുന്ന സാമൂഹ്യ മുന്നേറ്റത്തിനുമെതിരായ നീക്കവും പ്രവണതയുമാണ് എന്ന് സ്ഥാപിക്കാനാണ് മറുവശത്തുള്ളവര്‍ ശ്രമിച്ചത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് ‘നവോത്ഥാനം’ ലക്ഷ്യംവെച്ചായിരുന്നില്ലെന്നും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുവെന്നവകാശപ്പെടുന്ന ലിംഗ നീതിയിലും തുല്യാവകാശത്തിലും ഊന്നിയായിരുന്നു സുപ്രീംകോടതി വിധിയെന്നുമുള്ള വസ്തുത നവോത്ഥാന വാദക്കാര്‍ വിസ്മരിച്ചു. ഭരണഘടനയിലെ ആശയങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പലനിലക്കും പല തലങ്ങളിലും നവോത്ഥാന സ്വഭാവങ്ങളും പുരോഗമന പരിഷ്‌കരണ ഉള്ളടക്കങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ആ സഹജവും സ്വാഭാവികവുമായ നവോത്ഥാന സ്വഭാവങ്ങളും പുരോഗമന പരിഷ്‌കരണ ഉള്ളടക്കങ്ങളും ചില തല്‍പരകക്ഷികള്‍ അര്‍ത്ഥമാക്കുന്ന വിധത്തിലുള്ള സാമൂഹ്യ നവോത്ഥാന ലക്ഷണങ്ങള്‍ പുലര്‍ത്തുന്നവയല്ല. ആധുനിക ചിന്തകളുടെയും പാരമ്പര്യങ്ങളില്‍നിന്നുള്ള മുന്നോട്ടുപോക്കുകളുടെയും ഭാഗമായി ലോകമെങ്ങും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആവിര്‍ഭവിച്ച നൂതന ജീവിത ബോധങ്ങളെയും മനുഷ്യ ജാഗ്രതകളെയും മൊത്തത്തില്‍ വിവക്ഷിക്കുന്നത് നവോത്ഥാനമെന്ന നിലയിലാണ്. കേരളീയ പൊതു മണ്ഡലത്തില്‍ ചില സമുന്നതരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും ആശയനിര്‍മ്മാതാക്കളുടെയും ശ്രമഫലമായും അവരുടെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യ ഫലങ്ങളായും ഉരുത്തിരിഞ്ഞുവന്ന നൂതന അവബോധങ്ങളെയും ആ അവബോധങ്ങള ഏറ്റെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പുത്തന്‍ ജീവിത ശൈലികളെയുമാണ് പൊതുവില്‍ ഇവിടെ നവോത്ഥാനമായി കരുതപ്പെട്ടുവന്നിട്ടുള്ളത്.
വിവിധ സമൂഹങ്ങളിലും ജാതി സമുദായങ്ങളിലും അടിഞ്ഞുകൂടിയിരുന്ന ഭൂതകാല മാലിന്യങ്ങളുടെ അടരുകള്‍ നീക്കം ചെയ്ത് ആചാര, വിശ്വാസ, അനുവര്‍ത്തന തലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ചിട്ടവട്ടങ്ങള്‍ കൊണ്ടുവന്നതിലൂടെയാണ് കേരളീയ സമൂഹത്തിലെ നവോത്ഥാനം യാഥാര്‍ത്ഥീഭവിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പുരോഗമനപരവും കൂടുതല്‍ സ്വതന്ത്രവും ആധുനികവുമായിരുന്നു ഇത്തരം നവോത്ഥാന പ്രവണതകള്‍. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി എന്നിങ്ങനെ ചില മഹാരഥന്മാരുടെ ചിന്തകളും ഇടപെടലുകളും ഇത്തരം മാറ്റങ്ങള്‍ക്ക് പശ്ചാത്തലമായതുകൊണ്ട് അവര്‍ നവോത്ഥാന നായകര്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കേരളീയ നവോത്ഥാനത്തിന്റെ ഉള്ളടക്കങ്ങള്‍ പലപ്പോഴും വിശകലനം ചെയ്യപ്പെട്ടത് വ്യക്തിനിഷ്ഠങ്ങളും രാഷ്ട്രീയാധിഷ്ഠിതങ്ങളുമായ മാനദണ്ഡങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ നവോത്ഥാനത്തെ മനസ്സിലാക്കപ്പെടുന്നതിലും വൈരുധ്യ വൈവിധ്യങ്ങള്‍ സ്വാഭാവികമായിത്തീര്‍ന്നു. മതനിരാകരണ ചിന്തകളും നിരീശ്വരബോധവും പുലര്‍ത്തിയിരുന്നവര്‍ കേരളീയ നവോത്ഥാനത്തിനു നല്‍കിയ അര്‍ത്ഥ പ്രതലങ്ങളല്ല മതവിശ്വാസികളും ആസ്തികവാദികളുമായ ബഹുഭൂരിപക്ഷവും നല്‍കിവരുന്നത്. നവോത്ഥാനത്തിന്റെ തുടര്‍ച്ചയും പിന്‍ഗാമിത്വങ്ങളും അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്ന രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിയ നവോത്ഥാന ബോധമല്ല മറ്റുള്ളവര്‍ പുലര്‍ത്തിയത്. ഈ വൈവിധ്യങ്ങളുടെ ഫലങ്ങള്‍ നവോത്ഥാനത്തിന്റെ നേട്ടങ്ങളെയും സ്വഭാവങ്ങളെയും നിര്‍ണയിക്കുന്നതിലും സ്വാധീനം ചെലുത്തുകയുണ്ടായി. ശ്രീനാരായണ ഗുരുവിനെത്തന്നെ ഉദാഹരണമായി സ്വീകരിച്ചാല്‍ ‘നാരായണ ഗുരുവിന്റെ സ്വസമുദായ പരിഷ്‌കരണങ്ങളാണ് അദ്ദേഹത്തിന്റെ നവോത്ഥാന ശ്രമങ്ങള്‍’ എന്നു കരുതുന്നവരാണ് ഭക്തരില്‍ ഏറിയ പങ്കും. എന്നാല്‍ സമുദായവൃത്തത്തിന് പുറത്ത്കടന്നുകൊണ്ട്, വിശാല മാനവതയുമായി തന്നെത്തന്നെ സ്വയവും, തന്റെ ആശയങ്ങളെയും ചിന്തകളെയും അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന മറ്റുള്ള എല്ലാവരെയും ഏകീഭവിപ്പിക്കുന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പരിശ്രമങ്ങള്‍ എന്നാണ് സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവരുടെ നിലപാട്. ‘ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരുത്തിയ ചില മാറ്റങ്ങളും ക്രമീകരണങ്ങളുമാണ് നാരായണ ഗുരുവിന്റെ നവോത്ഥാന സംഭാവനകള്‍’ എന്ന് ഹൃസ്വവത്കരിക്കുന്ന ഒരു വശം അദ്ദേഹത്തെ കേവലം ഒരു സമുദായത്തിന്റെ മാത്രം പരിഷ്‌കര്‍ത്താവായി ഉള്‍ക്കൊള്ളുന്നതിലുണ്ട്.
നവോത്ഥാനം കേവലം ഒരു വൈയക്തികമായ അഭിനിവേശമോ, ഭാവനാത്മകമായ സങ്കല്‍പമോ അല്ല. അതൊരു സാമൂഹിക ഉത്തരാവിത്വ നിര്‍വഹണവും സൃഷ്ടിപരമായ ഇടപെടലുമാണ്. ആ നിലക്ക് ഏതൊരു സാര്‍ത്ഥകമായ നവോത്ഥാനത്തിലും സാമൂഹ്യ മനസ്സാക്ഷിയെ അംഗീകരിക്കുന്നതും പൂര്‍വകാലത്തിന്റെ തുടര്‍ നന്മകളെ ആശ്ലേഷിക്കുന്നതുമായ തലങ്ങള്‍ ഉണ്ടായിരുന്നേ മതിയാകൂ. എന്നാല്‍ പൂര്‍വകാലങ്ങളില്‍നിന്നുള്ള വിഛേദനവും ബന്ധനിരാസവും നവോത്ഥാനത്തിന്റെ ഉപാധികളാണ് എന്ന നിഷേധാത്മകതയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉദയംകൊണ്ട ചില ചിന്താധാരകള്‍ പൊതുവായി ഉയര്‍ത്തിപ്പിടിച്ചത്. വിശ്വാസരാഹിത്യവും ആസ്തിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്നുള്ള പിന്മാറ്റവുമെല്ലാം നവോത്ഥാനത്തില്‍ കൂടിയേ തീരൂ എന്നു ചിന്തിച്ചവരാണ് ‘മതത്തിന്റെ സംശുദ്ധ മൗലികതകള്‍ പിന്തുടരുന്ന ആര്‍ക്കും നവോത്ഥാന വാദികളായിരിക്കാനാവില്ലെന്ന്’ സിദ്ധാന്തിച്ചത്. തെറ്റായ ഈ സിദ്ധാന്തവത്കരണമാണ് പല പ്രസ്ഥാനങ്ങളെയും സാമൂഹ്യ രമ്യതകളില്‍നിന്നും സ്വാഭാവികമായ അനുനയശീലങ്ങളില്‍ നിന്നുമെല്ലാം മുഖം തിരിക്കുന്നവരാക്കി മാറ്റിയത്. സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധിയെ അടിസ്ഥാനമാക്കി ആരംഭിച്ച നവോത്ഥാന ചര്‍ച്ചകളില്‍ അത്തരം ചില മുഖം തിരിക്കലുകള്‍ ഉണ്ടായിരുന്നു. മതവും വിശ്വാസവുമായി ബന്ധപ്പെട്ട മേഖലകളെ സ്പര്‍ശിക്കുന്ന നവോത്ഥാന ചര്‍ച്ചകളില്‍ ആസ്തികമായ സംശുദ്ധ ബോധത്തിന് അര്‍ഹമായ പരിഗണന നല്‍കപ്പെട്ടേ മതിയാകൂ എന്ന യാഥാര്‍ത്ഥ്യ ബോധം പലര്‍ക്കും നഷ്ടപ്പെടുകയുണ്ടായി. ശബരിമലയിലെ യുവതീ പ്രവേശനത്തെ നവോത്ഥാനവത്കരിച്ചവര്‍ സിദ്ധിച്ചത് നവോത്ഥാനത്തിന്റെ കടന്നുവരവ് അധികാരത്തിന്റെ ഇടപെടലുകളിലൂടെയും ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളിലൂടെയുമായിരിക്കണം എന്നാണ്. പക്ഷേ ചരിത്രത്തില്‍ എവിടെയും കേവലം ഭരണകൂട തലത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരുപരിപ്ലവ മാറ്റത്തിലൂടെ മാത്രമായി ഒരു നവോത്ഥാനവും സംഭവിച്ചതായി കണ്ടെത്താന്‍ സാധിക്കുകയില്ല. സമൂഹത്തിന്റെ അകത്തളങ്ങളില്‍ സഹജമായി ഉണര്‍ന്നുവരുന്ന നൂതനാശയങ്ങള്‍ വളരുകയും വികസിക്കുകയും സാമൂഹ്യ ജീവിതത്തിന്റെ അകത്തും പുറത്തുമായി അത്തരം നൂതനാശയങ്ങള്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രമാണ് അര്‍ത്ഥപൂര്‍ണവും സൃഷ്ടിപരവും യഥാര്‍ത്ഥവുമായ ഏതൊരു നവോത്ഥാനവും ലോകത്തെവിടെയും സംഭവിച്ചിട്ടുള്ളൂവെന്ന് ചരിത്രാനുഭവങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതുമാണ്.
നവോത്ഥാനത്തെക്കുറിച്ചുള്ള നിരര്‍ത്ഥകങ്ങളും അതീവ ബാലിശങ്ങളുമായ നിരവധി അവകാശവാദങ്ങളാണ് സമീപകാലത്ത് ഉയര്‍ന്നുകേട്ടത്. ചിന്താശൂന്യതകളും ആശയ ദാരിദ്ര്യങ്ങളും അവയില്‍ വേണ്ടത്ര ഉണ്ടായിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ മാത്രമേ കേരളീയ സമൂഹത്തില്‍ സംഭവിച്ചതായി പറയപ്പെടുന്ന നവോത്ഥാനം യാഥാര്‍ത്ഥീകരിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയുമുള്ളൂ എന്ന ഒരുതരം ദുര്‍വാശി അത്തരം വാദങ്ങളില്‍ കാണാമായിരുന്നു. നിഷ്പക്ഷമായി ചിന്തിച്ചു നോക്കിയാല്‍ കേരളീയ സമൂഹത്തെക്കുറിച്ച് ‘തികച്ചും വൈയക്തികമെന്നു’ തന്നെ വിശേഷിപ്പിക്കാവുന്ന ഒരു മുന്‍വിധി കേരള സര്‍ക്കാര്‍ സുപ്രീംകോടതി വിധി ശബരിമലയില്‍ നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ കാണാവുന്നതാണ്. ‘കേരളീയ പൊതു സമൂഹം മതത്തിന്റെയും ജാതിബോധങ്ങളുടെയും വിശ്വാസാചാര സ്വാധീനങ്ങളുടെയും മതില്‍ക്കെട്ടുകള്‍ക്ക് ഉള്ളില്‍ നിന്ന് ഇതിനകം പൂര്‍ണമായും പുറത്തുകടന്നു കഴിഞ്ഞിരിക്കുന്നു’ എന്നതാണ് ആ മുന്‍വിധി. നവോത്ഥാനം കേരളീയ സമൂഹത്തെ, വിശ്വാസങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും മുകളിലായി ഭരണഘടനയെയും അതിലെ തത്വങ്ങളെയും പ്രതിഷ്ഠിക്കുന്ന വിധത്തിലൊരു പാകതയില്‍ എത്തിച്ചിരിക്കുന്നു എന്ന അര്‍ത്ഥതലമുള്ളതാണാ മുന്‍വിധി. ഭരണഘടനയിലെ സ്ത്രീ-പുരുഷ തുല്യതക്കും ലിംഗനീതിക്കുമായുള്ള അനിഷേധ്യങ്ങളായ പ്രഖ്യാപനങ്ങളെ അടിത്തറയാക്കിയുള്ള ഒരു സുപ്രീംകോടതി ഉത്തരവ് നവോത്ഥാന കേരളത്തിലെ പൊതു സമൂഹത്തിന് യാതൊരു വൈമനസ്യവും കൂടാതെ അംഗീകരിക്കാനും ഏറ്റെടുക്കാനും സാധിക്കുമെന്ന് ഉത്തരവ് നടപ്പിലാക്കാന്‍ ചുമതലാ ബോധത്തിന്റെ പേരില്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ കരുതി. അവിടെയാണ് അവര്‍ക്ക് പാളിച്ചകള്‍ ആരംഭിച്ചതും. കേരളീയ സാമൂഹ്യ നവോത്ഥാനത്തെക്കുറിച്ച് നാമിതുവരെ പറഞ്ഞുവന്നിട്ടുള്ള സ്തുതി വാക്യങ്ങളില്‍ പലതും കേവലം പൊള്ളയായ ഔപചാരിക വാചോടോപങ്ങള്‍ മാത്രമാണെന്നും, പൊതു മനസ്സാക്ഷിക്കുള്ളിലും വിവിധ ജാതി-മത-സമുദായ തലങ്ങളിലുമെല്ലാം ആധുനിക പൂര്‍വകാലത്തിന്റെ ജീര്‍ണതകളുടെ അംശങ്ങള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നുണ്ട് എന്നും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചില്ല. ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് പുറത്തുചാടാനും ചാടിക്കപ്പെടാനും പാകത്തില്‍ ജാതീയ ദുഷ്ചിന്തകളും സങ്കുചിതത്വങ്ങളും, ഏതു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വിധേയപ്പെടുമാറ് ദുര്‍ഭാവനകളും കേരളീയ പൊതു മണ്ഡലത്തിന്റെ വിവിധ ഉള്‍ത്തടങ്ങളില്‍ അവശേഷിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് കണ്ണടക്കുന്നവര്‍ ആരായാലും അവര്‍ അബദ്ധങ്ങളില്‍ മാത്രമാണ് ചെന്നു ചാടിക്കൊണ്ടിരിക്കുക.
സമൂഹ മനസ്സാക്ഷിയില്‍ ആഴത്തില്‍ വേരുകളുള്ള വിഷയങ്ങളില്‍ നവോത്ഥാനത്തെ ആകാശത്തുനിന്ന് ചരടില്‍ കെട്ടിയിറക്കാനാവില്ല. മാത്രവുമല്ല ഒരു സമൂഹമോ, സമുദായമോ അതിന്റെ അനിഷേധ്യവും അനിവാര്യവുമായ ഒരു ഘടകമായി കരുതുകയും മുറുകെപിടിക്കുകയും ചെയ്യുന്ന ഒരു കാര്യം സ്വതന്ത്ര ചിന്തയിലും യുക്തി വീക്ഷണത്തിലും ശാസ്ത്രീയ വിശകലനത്തിലും എത്രതന്നെ തെറ്റാണെന്നു തെളിയിക്കപ്പെട്ടാലും ശരി ആ സമുദായമോ, ജനവിഭാഗമോ അതിനെ മുറുകെപ്പിടിക്കുന്ന കാലത്തോളം അതിന്റെ നിരര്‍ത്ഥകതയിലേക്ക് അവരുടെ ചിന്തയെ തിരിച്ചുവിടാനുമാവില്ല. നമ്പൂതിരിമാരെ മനുഷ്യരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാട് ചെയ്തത് സമുദായത്തിന്റെ ഉള്‍ത്തടങ്ങളില്‍ അവിടവിടെയായി ഓരോ പുതിയ പുതിയ ചോദ്യങ്ങളുടെയും സമസ്യകളുടെയും വിത്തുകള്‍ പാകിവെച്ച് പോവുകയാണ്. ആ വിത്തുകള്‍ സ്വയമേവ പൊട്ടിമുളച്ച് വളര്‍ന്നാണ് വി.ടി ലക്ഷ്യമാക്കിയ നമ്പൂതിരിയെ മനുഷ്യരാക്കലും സമുദായ പരിഷ്‌കരണവും വികസിച്ചുവന്നത്. നിഷേധാത്മകവും കണിശവാദത്തില്‍ അധിഷ്ഠിതവുമായ എതിരാശയങ്ങള്‍ കൊണ്ട് ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകള്‍ സമൂഹത്തിലോ ഏതെങ്കിലും സമുദായത്തിലോ സാധിക്കാമെന്നു കരുതുന്നത് തികച്ചും മൗഢ്യമാണ്. മുന്‍ പതിറ്റാണ്ടുകളിലെ അനുഭവങ്ങളെയും സംഭവവികാസങ്ങളെയും നവോത്ഥാനവുമായി ബന്ധപ്പെട്ട ചലന സംഭവങ്ങളെയും വലിയ ശബ്ദഘോഷങ്ങളുടെ അകമ്പടിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നാല്‍ ഇന്നത്തെ കാലത്തിലും സമൂഹത്തിലും ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്താനും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനും സാധിക്കുകയില്ല. സമകാലിക സമൂഹത്തിന്റെ സൂക്ഷ്മാന്തരിക ചലനാനുകരണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് അവയ്ക്ക് തീര്‍ത്തും അനുസൃതമായ വിധത്തിലുള്ള കാലികമായ നവോത്ഥാന ആശയങ്ങളും പ്രയോഗ രീതികളും ആവിഷ്‌കരിച്ച് മുന്നേറുകയാണ് വേണ്ടത്. അതായത് ഇന്നിന്റെ ഒരു വിഷയത്തെ മുന്‍നിര്‍ത്തിയുള്ള നവോത്ഥാന പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത് ഇന്നിന്റെ പുലര്‍ക്കാല വെളിച്ചത്തില്‍ തന്നെയായിരിക്കണം. ഇന്നലെകളില്‍ അസ്തമിച്ചുപോയ നിലാവെളിച്ചങ്ങളില്‍ നിന്നുകൊണ്ട് ഇന്നിന്റെ രാപ്പാടികളെ മായ്ച്ചുകളയാനാവില്ല എന്ന യാഥാര്‍ത്ഥ്യ ബോധമാണ് നവോത്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ വളരെയധികം നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് ആദ്യം ഉണ്ടാവേണ്ടത്. അത്തരത്തില്‍ അവര്‍ ചിന്തകളെ വഴിതിരിച്ചു വിടേണ്ടിയിരിക്കുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending