kerala

ഷഹബാസ് വധക്കേസ്; പ്രതിഷേധങ്ങള്‍ക്കിടയിലും പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

By webdesk17

March 03, 2025

കോഴിക്കോട് താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും എസ്എസ്എല്‍സി പരീക്ഷയെഴുതി. കോഴിക്കോട് വെള്ളിമാട്കുന്ന് ജുവൈനല്‍ ഹോമിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഒരുക്കിയത്. അതേസമയം പരീക്ഷ എഴുതിക്കുന്നതിനെതിരെ ജുവൈനല്‍ ഹോമിലേക്ക് എംഎസ്എഫ് പ്രതിഷേധവുമായെത്തുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ച് പരീക്ഷ എഴുതിക്കുന്നതില്‍ സുരക്ഷാ പ്രശ്നമടക്കം വിലയിരുത്തി വെള്ളിമാട് കുന്നിലെ ഒബ്‌സെര്‍വേഷന്‍ ഹോമില്‍ തന്നെ പരീക്ഷക്കായി പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നു.

അതേസമയം പ്രതികളായ വിദ്യാത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബസിന്റെ പിതാവ് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.