kerala

ഷഹബാസ് കൊലപാതകം; കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഊമക്കത്ത് വന്ന സംഭവത്തില്‍ അന്വേഷണം

By webdesk17

March 09, 2025

താമരശ്ശേരിയില്‍ പത്താം ക്ലാസ്സുകാരനായ ഷഹബാസിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെ ഊമക്കത്ത് വന്ന സംഭവത്തില്‍ അന്വേഷണം. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരി കോരങ്ങാട് GVHSS പ്രധാന അധ്യാപകനായിരുന്നു ഊമക്കത്ത് ലഭിച്ചത്. വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ തീരുന്നതിനു മുന്‍പ് അപായപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു.

സ്‌കൂള്‍ അധികൃതര്‍ കത്ത് കൈമാറിയതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്‍പാണ് കത്ത് വന്നത് എന്ന് നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഷഹബാസ് കൊലപാതകത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. ഷഹബാസിനെ ആക്രമിക്കാന്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

നിലവില്‍ 6 വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.