gulf

മലയാളിയുടെ സംരംഭത്തിന് ആമസോണ്‍ നിക്ഷേപം

By Chandrika Web

February 23, 2023

മലയാളി യുവസംരംഭകന്‍ ഷാന്‍ കടവിലിന്റെ ഫ്രഷ് മത്സ്യവും മാംസവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്ന ബിസിനസ് സംരംഭത്തിന് ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീടെയിലറായ ആമസോണിന്റെ നിക്ഷേപം. യുഎഇയില്‍ താമസിക്കുന്ന ഷാന്‍ ആരംഭിച്ച കണ്‍സ്യൂമര്‍ പോര്‍ട്ടലായ ഫ്രഷ് റ്റു ഹോം ആമസോണ്‍ നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 104 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഫ്രഷ് മല്‍സ്യം നേരിട്ട് സ്വീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഫ്രഷ് റ്റു ഹോം പോര്‍ട്ടല്‍, ഇന്ത്യയിലും യുഎഇയിലുമായി 100ലധികം നഗരങ്ങളിലേക്ക് ഇതിനകം വ്യാപിച്ചു കഴിഞ്ഞു. ആമസോണ്‍ പോലുള്ള നിക്ഷേപകര്‍ക്ക് വേഗത്തില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന പ്രക്രിയയാണ് ഫ്രഷ് റ്റു ഹോമിനെ പുതിയ സംരംഭ ദിശയിലേക്ക് നയിച്ചത്. മല്‍സ്യ ബന്ധനം നടത്തി ആറു മണിക്കൂറിനകം നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നുവെന്നതും, മായങ്ങളും രാസവസ്തുക്കളും ഒട്ടും ഇല്ലെന്നതും ഫ്രഷ് റ്റു ഹോമിനെ വേറിട്ടതാക്കുന്നു. സംഭവ് വെഞ്ച്വര്‍ ഫണ്ട് വഴിയാണ് ഫ്രഷ് റ്റു ഹോം ആമസോണ്‍ എന്‍ട്രി പോയിന്റിലേക്കെത്തിയത്. 250 മില്യണ്‍ ഡോളറിന്റെ ആമസോണ്‍ ‘സംഭവ്’ വെഞ്ച്വര്‍ ഫണ്ടുമായുള്ള തങ്ങളുടെ കാഴ്ചപ്പാട് നൂതനവും സാങ്കേതികവിദ്യ പ്രാപ്തവുമായ അടുത്ത തലമുറയെ ശാക്തീകരിക്കുക എന്നതാണെന്ന് ഫ്രഷ് റ്റു ഹോം സഹ സ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പഠന ശേഷം അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഗെയിമിംഗ് സംരംഭങ്ങളില്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടത്തിയത്. 2015ല്‍ ഫ്രഷ് റ്റു ഹോം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അത്. 2021ല്‍ ഐസിഡി ദുബായ്, ഇന്‍വെസ്റ്റ്‌കോര്‍പ്, അയേണ്‍ പില്ലര്‍, അസ്സെന്റ് ക്യാപിറ്റല്‍, അമേരിക്കന്‍ ഭരണകൂടത്തിന്റെ വികസന ധനകാര്യ സ്ഥാപനമായ ഡിഎഫ്‌സി എന്നിവയുടെ നേതൃത്വത്തില്‍ ഫ്രഷ് റ്റു ഹോം ഒരു സീരീസ് സി റൗണ്ടില്‍ 121 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. പുതിയ ഫണ്ടിംഗ് വിനിയോഗ പദ്ധതി തയ്യാറാക്കുന്നതിനാല്‍ പ്രവര്‍ത്തനപരമായി തങ്ങള്‍ ലാഭകരമായി മാറിയെന്നും സഊദി അറേബ്യയാണ് ലക്ഷ്യമിട്ട അടുത്ത വലിയ രാജ്യമെന്നും ഷാന്‍ വെളിപ്പെടുത്തി. 104 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച് ഫ്രഷ് റ്റു ഹോം 240 മില്യണ്‍ ഡോളറിലധികം സമാഹരിച്ചു. സൗദി അറേബ്യയിലേക്കും മറ്റ് വിപണികളിലേക്കുമുള്ള പ്രവേശനത്തിന് ഇപ്പോള്‍ ഉചിത സമയമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ടുള്ള ബിസിനസ് മോഡലാണ് തങ്ങളുടേതെന്ന് പറഞ്ഞ ഷാന്‍, നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്ക് പുതിയ സപ്‌ളൈകള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.