kerala

ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

By sreenitha

December 30, 2025

നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നല്‍കിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പില്‍ ആദരാഞ്ജലികളെന്ന് സമദാനി ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തകുമാരിയമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയില്‍ വിഷാദം പടര്‍ത്തിയെന്നും, അക്ഷരാര്‍ഥത്തില്‍ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടര്‍ത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ടി.എന്‍. പ്രതാപനും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച അമ്മ സംഗമത്തില്‍ ശാന്തകുമാരിയമ്മക്കൊപ്പം പങ്കെടുത്തതിന്റെ ഓര്‍മകളും കുറിപ്പില്‍ പറയുന്നുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് മോഹന്‍ലാല്‍ ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത്.

 

അബ്ദുസ്സമദ് സമദാനി എം.പിയുടെ കുറിപ്പിന്‍റെ പൂർണ രൂപം;

ഏതൊരു സന്തതിയുടെയും വ്യക്തിത്വസാകല്യവും ജീവിതസാഫല്യവും പ്രഭവം കൊള്ളുന്നതും അത് തിരിച്ചുചെല്ലുന്നതും പിതാവിലേക്കും അതിലുപരി മാതാവിലേക്കുമാണ്. ചില മക്കളുടെ കാര്യത്തിൽ മാതൃത്വത്തിന്റെ ഈ പ്രഭാവം അതി തീവ്രവും അത്യഗാധവുമായിരിക്കും.

പ്രിയങ്കരനായ മോഹൻലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയിൽ വിഷാദം പടർത്തി. നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നൽകിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പിൽ ആദരാഞ്ജലികൾ!. മക്കളുടെ സകല നേട്ടങ്ങളും മാതാവിന്റെ മടിത്തട്ടിൽ വീഴുന്ന നക്ഷത്രങ്ങളാകുന്നു. ജീവിതത്തിലും മരണത്തിലും മായ്ക്കാൻ കഴിയാത്ത പൊക്കിൾക്കൊടി ബന്ധത്തിന്റെ സദ്ഫലങ്ങൾ മാത്രമാകുന്നു അതത്രയും.

അവർ രോഗിയായിക്കിടക്കുമ്പോൾ ഒരിക്കൽ കൊച്ചിയിലെ വീട്ടിൽ കാണാൻ പോയിരുന്നു. ഒരു മൗനമന്ത്രം പോലെ മകൻ അമ്മയുടെ കാതിൽ പറഞ്ഞു: “അമ്മേ, കണ്ണു തുറന്നു നോക്കൂ, ആരാണ് വന്നിരിക്കുന്നത്”. എന്നിട്ട് എന്റെ പേര് പറഞ്ഞ് അമ്മയെ വിളിച്ചു. മോഹൻലാൽ എന്ന കലാകാരന്റെ പ്രതിഭയുടെ ആഴം ശ്രേഷ്ഠമായ ഈ മാതൃത്വത്തിന്റെ ആഴത്തിൽ ദർശിക്കുന്നതായിരിക്കും സമുചിതം.

പ്രിയ സ്നേഹിതൻ ടി.എൻ പ്രതാപനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച, മലയാളീഹൃദയങ്ങളിൽ മാതൃത്വത്തിന്റെ വികാരസാന്ദ്രത സന്നിവേശിപ്പിച്ച നാട്ടിക സ്നേഹതീരത്തെ അമ്മ സംഗമവും അതിലെ അമ്മ പ്രസംഗവും ഐശ്വര്യവതിയായ ഈ വലിയ അമ്മയോട് അഗാധമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവരാണ് അന്ന് ആ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തിരികൊളുത്തിയത്. ഒരു വലിയ തറവാട്ടമ്മയായി ആ ചടങ്ങിന്റെ മുഴുവൻ ആതിഥേയയെപ്പോലെ അവർ ശോഭിച്ചുനിന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയാണ്. താൻ അവാർഡ് സ്വീകരിക്കുന്ന പരിപാടികളിൽ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെപ്പറ്റി അന്ന് ആ വേദിയിൽ തന്നെ പ്രിയപ്പെട്ട മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി.

അക്ഷരാർത്ഥത്തിൽ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടർത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നത്.