ഷാര്‍ജ: കഴിഞ്ഞ ദിവസം സമാപിച്ച 11 ദിവസം നീണ്ടുനിന്ന ഷാര്‍ജ പ്രകാശോല്‍സവത്തില്‍ സന്ദര്‍ശകര്‍ 10 ലക്ഷമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക-രാജ്യാന്തര തലത്തില്‍ 100ലധികം മാധ്യമങ്ങള്‍ ഉല്‍സവത്തെ കുറിച്ച് കവറേജ് നല്‍കി. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പ്രകാശ പ്രകടനങ്ങള്‍ കാഴ്ചക്കാരെ അദ്ഭുത ലോകത്തേക്കാണ് കൊണ്ടു പോയത്. 30ലധികം രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് 90 ലക്ഷം ആശയ വിനിമയങ്ങളാണുണ്ടായത്. രാജ്യാന്തര വിനോദ സഞ്ചാര ഭൂപടത്തില്‍ ഷാര്‍ജയുടെ സ്ഥാനം ശക്തമാക്കുന്നതായി ഉല്‍സവം.
ഈ മാസം 17ന് ഷാര്‍ജ പൊലീസ് അക്കാദമിയില്‍ നടന്ന ഉല്‍സവ സമാപന പരിപാടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവരെ ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പ്രശംസിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നല്‍കിയ അളവറ്റ പിന്തുണയിലും പ്രോല്‍സാഹനത്തിലും അദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു. ഈ മാസം 7 മുതല്‍ 17 വരെയായിരുന്നു ഷാര്‍ജയിലെ 18 ഇടങ്ങളില്‍ പ്രകാശോല്‍സവം സംഘടിപ്പിച്ചത്. ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി സെന്റര്‍, ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റി കാമ്പസ് അവന്യു, യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍, ഷാര്‍ജ പൊലീസ് അക്കാദമി, ഹാര്‍ട്ട് ഓഫ് ഷാര്‍ജ, ഹൗസ് ഓഫ് ജസ്റ്റിസ്, അല്‍ഹിസന്‍ കോട്ട, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്‌സ്, മസ്ജിദ് അല്‍ നൂര്‍, ഖാലിദ് തടാകങ്ങള്‍, പാം ഒയാസിസ്, ഈസ്റ്റ് കോസ്റ്റ്-അല്‍ദൈദ്, മസ്ജിദ് അമ്മാര്‍ ബിന്‍ യാസര്‍ അല്‍ദൈദ്, കല്‍ബ സിറ്റി മുനിസിപ്പാലിറ്റി കൗണ്‍സില്‍, കല്‍ബ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റി കെട്ടിടങ്ങള്‍, ഖോര്‍ഫക്കാന്‍ മസ്ജിദ് ശൈഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ ഖാസിമി എന്നിവിടങ്ങളിലായിരുന്നു മുഖ്യമായും കെട്ടിട സമുച്ചയങ്ങള്‍ അലങ്കരിച്ചിരുന്നത്.