ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. രാഹുല്‍ നേതൃത്വ ഗുണമുള്ള ആളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിക്കാന്‍ യോഗ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയിലെ മോദി വിരുദ്ധ വിഭാഗം നേതാവ് കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററിലൂടെയാണ് രാഹുലിനും കോണ്‍ഗ്രസിനും ആശംസകള്‍ നേര്‍ന്നത്. ദേശീയ ബോധത്തോടു കൂടി പാര്‍ട്ടിയെ നയിക്കാന്‍ രാഹുലിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജനാധിപത്യ താത്പര്യം ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് ഏറെ നാള്‍ നിലനില്‍ക്കട്ടെയെന്നും സിന്‍ഹ ട്വീറ്ററില്‍ കുറിച്ചു.

നേരത്തെ നിരവധി തവണ മോദിക്കും ബി.ജെ.പിക്കുമെതിരെ മുഖംനോക്കാതെ അദ്ദേഹം ആഞ്ഞടിച്ചിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന്റെ പേര് വലിച്ചിഴച്ചതിന് മോദിയെ സിന്‍ഹ പരിഹസിച്ചിരുന്നു. ജയിക്കാന്‍ വേണ്ടി അവിശ്വസനീയമായ കഥകള്‍ പറയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബഹുമാനപ്പെട്ട സാര്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി, അതും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ അടിസ്ഥാനരഹിതമായതും അവിശ്വസനീയവുമായ കഥകള്‍ എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നത് ശരിയോ..? ഇത്തരം കഥകള്‍ക്കു പകരം നമ്മുടെ വാഗ്ദാനങ്ങളെപ്പറ്റിയും വികസന മോഡലിനെപ്പറ്റിയും സംസാരിക്കൂ, തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാതെ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകട്ടെ-എന്നിങ്ങനെയായിരുന്നു സിന്‍ഹയുടെ ട്വീറ്റുകള്‍.