kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By webdesk17

June 24, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.