കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ അമീർ ആയി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ ശനിയാഴ്ച ചേർന്ന അടിയന്തിര യോഗം തിരഞ്ഞെടുത്തു.
ഷെയ്ഖ് മിഷാൽ 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന അമീർ ഷെയ്ഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനും അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ സഹോദരനുമാണ്. 83 വയസ്സായ ഷെയ്ഖ് മിഷാൽ കിരീടാവകാശിയായും ദേശീയ ഗാർഡ്‌സിന്റെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.
2020 ഒക്ടോബർ മുതൽ കിരീടാവകാശിയായി ചുമതലകൾ നിർവഹിച്ചുവരുകയായിരുന്നു. മരണപ്പെട്ട അമീർ ചികിത്സയിലായിരുന്നപ്പോൾ അമീറിന്റെ ചില അധികാരങ്ങൾ അമീരി ദിവാൻ ഷെയ്ഖ് മിഷാലിനെ ഏൽപ്പിച്ചിരുന്നു.