News

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം പുറത്ത്; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും

By webdesk18

June 02, 2025

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കി. മുജീബ് റഹ്മാന്റെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്‍. പുതിയ കറന്‍സിയില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക.- ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ശൈഖ് ഹസീനയുടെ പുറത്താക്കലിനും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.