Health

മഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം

By webdesk17

June 12, 2026

കനത്ത മഴയ്‌ക്കൊപ്പം ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ ഭീഷണി വർധിച്ചുവരികയാണ്. വയനാട് സുൽത്താൻ ബത്തേരി കോളിയാടി സ്കൂളിലെ മുന്നൂറിലധികം വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാവുകയും കോഴിക്കോട്ട് നാലര വയസ്സുകാരിയിൽ കണ്ടെത്തിയ ഷിഗെല്ല രോഗബാധയെത്തുടർന്ന് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേവലം ഒരു സാധാരണ വയറിളക്ക രോഗമായി ഇതിനെ തള്ളിക്കളയാനാവില്ല. കൃത്യമായ പ്രതിരോധവും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ അതീവ ഗുരുതരമായി മാറാൻ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല.

ഒളിച്ചിരിക്കുന്ന വില്ലന്മാർ സാധാരണ വയറിളക്ക രോഗങ്ങൾ വ്യക്തിശുചിത്വ കുറവു കൊണ്ടോ ഭക്ഷ്യ വിഷബാധയോ മൂലം പടരുമ്പോൾ ഷിഗെല്ലയ്ക്ക് മറ്റൊരു സാധ്യത കൂടിയുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ കലർന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പാനീയങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഭീഷണി. കൂടാതെ മഴക്കാലമായതിനാൽ കിണറ്റിലേക്ക് മലിനജലം ഉറവയായി ഇറങ്ങുന്നതും വാട്ടർ ടാങ്കുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്തതും രോഗം അതിവേഗം പടരാൻ കാരണമാകുന്നു.

ഷിഗെല്ല: ഈ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കരുത്

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:

>>മലത്തോടൊപ്പം കഫവും രക്തവും കലർന്നു പോകുന്നത് ഷിഗെല്ലയുടെ പ്രധാന ലക്ഷണമാണ്.

>> കുടലിന്റെ ഭിത്തികളെ ബാക്ടീരിയ ആക്രമിക്കുന്നത് മൂലം കഠിനമായ വയറുവേദനയും കടുത്ത മലബന്ധം അനുഭവപ്പെടുകയും ചെയ്യുന്നത്.

>>പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി ശരീരത്തിൽ കടുത്ത ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയാണിത്.

>>തുടർച്ചയായ ഛർദ്ദിയും മനംപുരട്ടലും ശരീരത്തിനുള്ളിൽ ആഹാരവും വെള്ളവും ഉള്ളിൽ നിൽക്കാത്ത അവസ്ഥ പതിയെ ശരീരത്തെ തളർത്തുന്നു.

>>തീവ്രമായ നിർജലീകരണം മൂലം മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ആരെയൊക്കെയാണ് രോഗം വേഗത്തിൽ ബാധിക്കുക?

>>അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ: പ്രതിരോധശേഷി കുറവായതിനാൽ കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് വഷളാകുന്നത്.

>>പൊതു സ്ഥലങ്ങൾ: സ്കൂളുകൾ, ഹോസ്റ്റലുകൾ, ഡേ-കെയറുകൾ എന്നിവിടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് അതിവേഗം പകരാൻ സാധ്യതയുണ്ട്.

>>വ്യക്തിശുചിത്വ കുറവ്: ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കാത്തവരിലൂടെ രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കും.

നേരത്തെയുള്ള പരിശോധന ജീവൻ രക്ഷിക്കും

ഷിഗെല്ല ബാധിച്ച ഭൂരിഭാഗം വ്യക്തികളിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറുണ്ടെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ശരീരത്തിലെ ലവണാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ഷോക്കിലേക്കോ, അപസ്മാരത്തിലേക്കോ, വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം എന്ന ഗുരുതര അവസ്ഥയിലേക്കോ രോഗിയെ എത്തിക്കും.

അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കുക. ഉദാഹരണത്തിന് വയറിളക്കം നിർത്താനുള്ള ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് ബാക്ടീരിയ ശരീരത്തിൽ തന്നെ തങ്ങിനിൽക്കാൻ കാരണമാകുമെന്നതിനാൽ ഇത് അപകടം ഇരട്ടിയാക്കും. അതിനാൽ വിദഗ്‌ധ സഹായം തേടുക.

ഷിഗെല്ല പ്രതിരോധത്തിനായി സ്വയം സജ്ജമാകാം

ഷിഗെല്ല പോലെയുള്ള ജലജന്യ രോഗങ്ങളെ ചെറുക്കാൻ ചികിത്സയേക്കാൾ പ്രധാനം മുൻകരുതലുകളാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഈ രോഗത്തെ പൂർണ്ണമായും അകറ്റി നിർത്താൻ സാധിക്കും. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക:

>>ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക: കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ, വെള്ളം വെറുതെ ചൂടാക്കാതെ നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുനിന്നുള്ള തണുത്ത പാനീയങ്ങളും ഐസും ഈ സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കണം.

>>വ്യക്തിശുചിത്വം ശീലമാക്കുക: ആഹാരം പാകം ചെയ്യുന്നതിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകാൻ ശ്രദ്ധിക്കുക. കുട്ടികളിലും ഈ ശീലം വളർത്തിയെടുക്കണം.

>>ആദ്യഘട്ട പരിചരണം പ്രധാനം: രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കുക. വയറിളക്കം തുടങ്ങിയാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കൃത്യമായ ഇടവേളകളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.