kerala

ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണം നാളെ

By webdesk14

November 28, 2023

കോഴിക്കോട്: ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് നാളെ (29 ബുധന്‍) സമര്‍പ്പിക്കും. വൈകിട്ട് 3:30ന് മാവൂര്‍ റോഡ് ജംഗ്ഷനിലെ ഹൈസണ്‍ ഹെറിറ്റേജില്‍ ആണ് ചടങ്ങ്.

അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ സഹകരണത്തോടെ നല്‍കുന്ന അവാര്‍ഡ് അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തും. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ മുഖ്യാതിഥിയാവും.

പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി തങ്ങള്‍ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി, എം. കെ രാഘവന്‍ എം.പി, പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എല്‍ എ, ഡോ എം കെ മുനീര്‍ എം എല്‍ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.