kerala

ഷൈന്‍ ടോം ചാക്കോ നാളെ മൂന്ന് മണിക്ക് ഹാജരാകും; പിതാവ് ചാക്കോ

By webdesk17

April 18, 2025

ഡാന്‍സാഫ് ടീം പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കി പൊലീസ്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. നാളെ രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. അതേസമയം മകന്‍ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് പറഞ്ഞു.

സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്യുക. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ പറഞ്ഞു.

ഡാന്‍സാഫ് പരിശോധനയറിഞ്ഞ് ഷൈന്‍ എന്തിന് ഇറങ്ങിയോടി, കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തതെന്തിന്, ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല.

അതേ സമയം ഷൈന്‍ ഇന്നലെ രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്.

നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഡാന്‍സാഫ് സംഘം അകത്തുകയറിയത്.

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതില്‍ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലില്‍ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്നാണ് പിതാവ് ചാക്കോ രാവിലെ വെളിപ്പെടുത്തിയിരുന്നത്.