kerala

കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

By nazmiya nazreen

June 02, 2025

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.