kerala

കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

By webdesk17

June 09, 2025

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഈ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി തീരത്തേിന് സമീപം കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ വീണു. ഇവ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടറും ചീഫ് സെക്രട്ടറിയും കൂടി നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതര വീഴച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാറിന് ഉറപ്പില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കുത്തക കമ്പനികളോടാണ് സര്‍ക്കാരിന്റെ കരുതലെന്നും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്‌നറുകളില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാറിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.