kerala

കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

By webdesk17

May 25, 2025

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്നും കടലില്‍ എണ്ണ പടരുന്നു. കുടുതല്‍ ഇടങ്ങളിലേക്ക് പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം തുടരുകയാണ്. ഡോണിയര്‍ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കപ്പലില്‍ 640 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നും പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍ഷ്യം കാര്‍ബൈഡും കപ്പലിന്റെ ടാങ്കില്‍ 84.44 മെട്രിക് ടണ്‍ ഡീസലുമുണ്ടെന്നുമാണ് വിവരം.

അതേസമയം കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാനാണ് കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാല്‍ തൊടരുതെന്നും അടുത്ത് പോകരുതെന്നും 112ല്‍ വിളിച്ച് വിവരമറിയിക്കണമെന്നും അറിയിപ്പുണ്ട്. കണ്ടെയ്‌നറുകളില്‍ നിന്ന് ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നില്‍ക്കരുത്. വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോയില്‍ മറൈന്‍ ഗ്യാസ് ഓയില്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ എത്തിയിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട കപ്പല്‍ കപ്പല്‍ കടലില്‍ താഴുകയായിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന.