kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

By webdesk17

June 09, 2025

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.