kerala

കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

By webdesk17

June 05, 2025

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.

മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.