kerala

കപ്പലപകടം; ‘കേരളത്തെ വലിയ ആശങ്കയിലാക്കി, കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കും; മുഖ്യമന്ത്രി

By webdesk17

May 29, 2025

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്നും കടലില്‍ വീണതായാണ് അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും 54 കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തീരുമാനിച്ചതായും പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ്സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കുമെന്നും ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF7 വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും, , ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് നിര്‍ബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴ മുന്നറിയിപ്പിനനുസരിച്ച് സര്‍ക്കാര്‍ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.