കോഴിക്കോട്: പ്രഷര്‍ വാഷര്‍ മെഷീനില്‍ നിന്ന് വൈദ്യുതി ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഭിജിത്ത്, വീട്ടുവളപ്പില്‍ പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് വൈദ്യുതി ഷോക്കേറ്റ് വീണത്. ബോധരഹിതനായി കിടക്കുന്നത് സമീപവാസിയാണ് കണ്ടത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനാണ് അഭിജിത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.