ടെല്ലഹസി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്ന കുട്ടിക്കു മുന്നില്‍ അമ്മയെ വെടിയുതിര്‍ത്തു കൊന്ന് മുന്‍കാമുകന്‍. യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലാണ് സംഭവം. കുട്ടിയുടെ അമ്മ മാരിബല്‍ റൊസാഡോ മൊറേല്‍സിനെ (32) മുന്‍ കാമുകന്‍ ഡോണള്‍ഡ് ജെ. വില്യംസ് (27) ആണ് കൊലപ്പെടുത്തിയത്.

മകളായ 10 വയസ്സുകാരി സൂം ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോഴാണ് അമ്മയും മുന്‍ കാമുകനും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. കുട്ടിയുടെ അധ്യാപികയും ഇതു കേട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടി തന്റെ കൈകള്‍ ചെവിയില്‍ ചേര്‍ത്തു അടച്ചുപിടിക്കുന്നതാണ് അധ്യാപിക കണ്ടത്. തൊട്ടുപിന്നാലെ സ്‌ക്രീന്‍ ഇരുണ്ടുപോകുകയും ചെയ്തു.

മാരിബലും ഡോണള്‍ഡും തമ്മിലുണ്ടായ വാഗ്വാദം കൈവിട്ടുപോകുകയായിരുന്നു. നിരവധിത്തവണ ഡോണള്‍ഡ് വെടിയുതിര്‍ത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരിബല്‍ മരണമടഞ്ഞു. ഡോണള്‍ഡിനെ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ കസ്റ്റഡിയില്‍ എടുത്തു.