News

അനുമതിയില്ലാതെ മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസെടുത്ത് വനംവകുപ്പ്

By Manya

January 27, 2026

മകരവിളക്ക് ദിനത്തില്‍ അനുമതിയില്ലാതെ സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വനമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റാന്നി ഡിവിഷന്‍ പരിധിയിലാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ചിത്രീകരണം നടത്തിയതെന്നും, ഷൂട്ടിംഗിലൂടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കും.

സംവിധായകനെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും നേരത്തെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍പ് അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, ഷൂട്ടിങ് നടന്നത് സന്നിധാനത്തല്ല, പമ്പയിലാണെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ വ്യക്തമാക്കി. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയതെന്നും, പമ്പയെ പശ്ചാത്തലമാക്കി തയ്യാറാക്കുന്ന സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചതായി സമ്മതിച്ച സംവിധായകന്‍, തുടര്‍ന്ന് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടതായും, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പമ്പയില്‍ ഷൂട്ടിങ് നടത്തിയതായും വ്യക്തമാക്കി.