News

അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു,

By sreenitha

January 08, 2026

അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഉദ്യോഗസ്ഥനെ കാറിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ സ്വരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.

ഡിഎച്ച്എസിന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യമിട്ടിരുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം പൂര്‍ണമായും കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ പ്രതികരിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടത് 37 വയസ്സുള്ള റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണെന്ന് സ്ഥിരീകരിച്ചു. 2020ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവ് ജോര്‍ജ് ഫ്‌ലോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വെടിവെപ്പ് നടന്നത് എന്നതും സംഭവത്തിന് കൂടുതല്‍ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം നല്‍കുന്നു.

2024ന് ശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റെനി നിക്കോള്‍ ഗുഡിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.