ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതര പരുക്ക്. സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. അലക്സ് കാരിയെ പുറത്താക്കാനായി ക്യാച്ചെടുക്കുന്നതിനിടെയാണ് ഇടത് വാരിയെല്ലിന് ശ്രേയസിന് പരുക്കേറ്റത്. പിന്നാലെ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.
‘കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തി, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്‍, പരുക്ക് ഭേദമാകുന്നതനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം മൂന്നാഴ്ചയോളം ശ്രേയസിന് റെസ്റ്റ് വേണ്ടി വരുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരുക്ക് ഭേദമാകാന്‍ അതില്‍ കൂടുതല്‍ സമയം വേണ്ടിവരും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും സിഡ്നിയിലെ ആശുപത്രിയില്‍ താരം തുടരും.
നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര.