News

ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍; ഓസ്‌ട്രേലിയ പരമ്പരയ്ക്ക് നേതൃത്വം

By webdesk17

October 04, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചു. ഒക്ടോബര്‍ 19-ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് ഗില്‍ ടീമിനെ നയിക്കുക. രോഹിത് ശര്‍മയുടെ പകരക്കാരനായാണ് 26 കാരനായ ഗില്ലിന്റെ വരവ്.

മെയ് മാസത്തില്‍ രോഹിത് ടെസ്റ്റില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് ഗില്‍ ടെസ്റ്റ് ക്യാപ്റ്റനായി. ഇപ്പോള്‍ ഏകദിന ടീമിന്റെയും നായകനായതോടെ ഗില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നേതൃസ്ഥാനത്ത് എത്തി. നിലവില്‍ ടി20 ടീമില്‍ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ബാറ്റര്‍മാരായി ടീമില്‍ തുടരുന്നു. രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നു. 2021 ഡിസംബര്‍ മുതല്‍ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ രോഹിത് 56 മത്സരങ്ങളില്‍ 42 വിജയങ്ങളും 12 തോല്‍വികളും നേടിയിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബര്‍ 19, 23, 25 തീയതികളില്‍ മൂന്ന് ഏകദിനങ്ങളും, ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 8 വരെ അഞ്ച് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും.