മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 92-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

റിമാന്റില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയുള്ള 386 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍ മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 8000-ത്തോളം പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ കുറ്റപത്രത്തിനൊപ്പം നല്‍കി.

കഴിഞ്ഞ ഫെബ്രുവരി 12-നാണ് ശുഹൈബ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ 11 സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.