മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മുന്‍ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരയണ്‍ റാണെ. വായടച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഉദ്ധവ് നേരിടേണ്ടി വരുമെന്ന് റാണെ മുന്നറിയിപ്പ് നല്‍കി. ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറക്കെതിരെ റാണെ പ്രവര്‍ത്തിച്ചുവെന്ന ഉദ്ധവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റാണെ.

ഉദ്ധവും അദ്ദേഹത്തിന്റെ കുടുംബവും താക്കറെയെ ഉപദ്രവിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തനിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം. അല്ലെങ്കില്‍ പല കാര്യങ്ങളും തനിക്ക് വെളിപ്പെടുത്തേണ്ടി വരും-റാണെ പറഞ്ഞു. താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന റാണെയെ 1999ല്‍ മഹാരാഷ്ട്ര മുഖ്യമാന്ത്രിയായി അദ്ദേഹം നിയമിച്ചിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2005ല്‍ റാണെ ശിവസേന വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മഹാരാഷ്ട്ര സ്വാഭിമാന്‍ സേന എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.  നിലവില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തിനൊപ്പമാണ് റാണെയുടെ പാര്‍ട്ടി.