kerala

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി

By web desk 1

January 12, 2021

തിരുവനന്തപുരം: വാര്‍ത്ത ശേഖരിക്കാന്‍ പോയതിന് യുപി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ഉബൈദുല്ല എംഎല്‍എ സഭയിലെ ചോദ്യോത്തര വേളയില്‍ ഇതു ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് വിഷയത്തില്‍ മുഖ്യമന്ത്രി കൈമലര്‍ത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദീഖ് കാപ്പന്റെ ഭാര്യ നേരത്തെ ഇടപെടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയോട് അഭ്യര്‍ഥന നടത്തിയിരുന്നു. കാപ്പന്റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും.