ഹാത്രസിലേക്ക് പുറപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജയിലില്‍ ഭീഷണിയുണ്ടെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സിദ്ദീഖിന് ജാമ്യം നല്‍കാതെ കേസ് ഇങ്ങിനെ നീട്ടുകയാണെങ്കില്‍ അദ്ദേഹത്തിനെ ഇപ്പോഴുള്ള ജയിലില്‍ നിന്നും മാറ്റണമെന്ന് റൈഹാന ആവശ്യപ്പെട്ടു. സിദ്ദീഖിന്റെ മോചനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് കൂട്ടായ്മയിലാണ് റൈഹാന ഈ ആവശ്യം ഉന്നയിച്ചത്.

‘ഒരുപാട് ക്രിമിനലുകളുടെ കൂടെ ആണ് അദ്ദേഹം ഉള്ളത്. സിദ്ദീഖിന്റെ ജീവനില്‍ എനിക്ക് പേടിയുണ്ട്. 70ആളുകളെങ്കിലും അദ്ദേഹത്തിന്റെ സെല്ലില്‍ ഉണ്ട്. 9 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന ആള്‍ മുതല്‍ പല ക്രിമിനലുകളുടെ ഇടയിലുമാണ് അദ്ദേഹം നില്‍ക്കുന്നത്. ക്രിമിനലുകളുടെ കയ്യിലാണ് ജയില്‍. തീര്‍ച്ചയായും അദ്ദേഹത്തിനെ ജയില്‍ നിന്നും മാറ്റണം. സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും റൈഹാന സിദ്ദീഖ് ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി സുപ്രിം കോടതി ഇന്നും നീട്ടിവെച്ചിരുന്നു. അടുത്ത 11ലേക്കാണ് കേസ് നീട്ടിയത്. ഹാത്രസ് പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാന്‍ വേണ്ടി പുറപ്പെട്ടതിനെ പ്രതിയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. മലയാളി മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം കേരള പത്രപ്രവര്‍ത്തക സംഘടനയായ കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം ഭാരവാഹി കൂടിയാണ്.