സംസ്ഥാനത്തെ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണുമായി ബന്ധപ്പെട്ട് ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. വിതരണം ചെയ്ത 2,78,50,822 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞപ്പോള്‍ 6,45,548 വോട്ടര്‍മാരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. ആകെയുള്ളതിന്റെ 2.32 ശതമാനം വരുമിത്. ഇത്രയും പേരെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 24,08,503 പേരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ 6,49,885, സ്ഥിരമായി താമസം മാറിയവര്‍ 8,16,221, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 1,36,029, മറ്റുള്ളവര്‍ 1,60,830 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം.
തിരുവനന്തപുരത്തെ ഒരു ബൂത്തില്‍ ഇത്തരത്തില്‍ 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ.റഹ്മാന്‍ പറഞ്ഞു. എസ്‌ഐആറിന്റെ സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, കരട് പട്ടികയിലെ പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.